വിദ്യാർത്ഥികളെ ചിരിപ്പിച്ച് ഉമേഷ് ഐഎഎസ്; അനുഭവം പങ്കുവെച്ച് ബി സന്ധ്യ

umesh_IAS_and_B_Sandhya_future_summit_2025

കൊച്ചി: ജനകീയ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ്. പ്രകൃതി ദുരന്തം അടക്കം നേരിടുന്ന സ്ഥലങ്ങളിൽ കളക്ടർ എന്ന നിലയിൽ അവരോടൊപ്പം ഉണ്ടെന്ന് ബോധിപ്പിക്കേണ്ട സാഹചര്യം വരും. അതുകൊണ്ട് അത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടാമെന്ന് നിരന്തരം പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

ജെയിൻ സർവ്വകലാശാല സംഘടിപ്പിക്കുന്ന ഫ്യൂച്ചർ സമ്മിറ്റിൽ ‘നിപുണതയും വൈദഗ്ധ്യവും’ എന്ന വിഷയത്തിൽ നടത്തിയ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡിജിപി ഡോ ബി സന്ധ്യ, സഞ്ജീവ് കുമാർ ശർമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 

ചെല്ലാനത്ത് കടലേറ്റം രൂക്ഷമായിരുന്നു. എട്ട് കിലോമീറ്റർ ദൂരത്തിൽ ടെട്രാപോഡ് സ്ഥാപിച്ചു. എന്നാൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞില്ല. ജനങ്ങൾ പരാതിയുമായി എത്തി. അവരുടെ ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതാണ്. മറ്റ് പരിഹാര മാർഗങ്ങളുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ല. ഇത്തരം സന്ദർഭങ്ങളിൽ കളക്ടർ എന്ന നിലയിൽ അവരോടൊപ്പം ഉണ്ടെന്ന് ബോധിപ്പിക്കേണ്ട സാഹചര്യം വരും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ.

 

“ഒരു ടീം ആയി മാത്രമേ കേസ് അന്വേഷിക്കാൻ പറ്റൂ. ഒരു ജില്ലയുടെ അധികാരത്തിൽ ഇരിക്കുമ്പോൾ എല്ലാവരെയും പരിഗണിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. കേസ് അന്വേഷിക്കണം, ഒപ്പം ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് നടത്തുകയും വേണം. സമൂഹത്തിന്റെ പൾസ് മനസിലാക്കി മാത്രമേ പ്രവർത്തിക്കാൻ പറ്റൂ. ഒരു കേസ് നടന്നാൽ ആ നാടിന്റെ ഭൂമിശാസ്ത്രം അടക്കം അറിയാമെങ്കിൽ മാത്രമേ കേസ് അന്വേഷിക്കാൻ കഴിയൂ.” ബി സന്ധ്യ പറഞ്ഞു.

 

ഉമേഷ് ഐഎഎസ് സംസാരിക്കവെ സദസ്സിൽ കൂട്ടച്ചിരി ഉയർന്നു. “പതിനേഴാം വയസിൽ എന്റെ മാതാപിതാക്കൾ എന്നെയുംകൊണ്ട് തമിഴ്നാട്ടിലേക്ക് പോയി. യാത്രയ്ക്കിടെ ഏതോ ഒരു എഞ്ചിനീയറിങ് കോളേജിനു മുന്നിൽ ബസ് നിർത്തി. ഞങ്ങൾ അവിടെ ഇറങ്ങി. അവരെന്നെ പിടിച്ച് ആ കോളേജിൽ ചേർത്തു. നാല് വർഷം പഠിച്ചപ്പോൾ എഞ്ചിനീയറിങ് എനിക്ക് പറ്റിയതല്ലെന്ന് മനസിലായി. പക്ഷെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ. എനിക്ക് യു.പി.എസ്.സിയായിരുന്നു ലക്ഷ്യം.” ഉമേഷ് ഐഎഎസ് പറഞ്ഞു.

 

“ഹനുമാൻ ലങ്കയിലേക്ക് ചാടാൻ തുനിഞ്ഞപ്പോൾ അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. എങ്ങനെ അവിടേക്ക് ചാടും! എന്നാൽ സിവിൽ സർവ്വീസ് ഉദ്ദ്യോഗസ്ഥർക്ക് ആരെയും പേടിക്കണ്ട. രാജ്യത്തിന്റെ പ്രസിഡന്റാണ് ഞങ്ങളുടെ നിയമന ഉത്തരവിൽ ഒപ്പുവെയ്ക്കുന്നത്. അതുകൊണ്ട് സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയും. മെന്റർഷിപ്പ് എല്ലാ മേഖലയിലും അത്യാവശ്യമാണ്. പോലീസുകാർ ആത്മഹത്യ ചെയ്യാറുണ്ടല്ലോ. ഏതെങ്കിലും വിധത്തിൽ ആസ്വസ്ഥമാകുമ്പോൾ ഉപദേശത്തിനുവേണ്ടി ആശ്രയിക്കാൻ ഒരാളുണ്ടാകുന്നത് നല്ലതാണ്.” സന്ധ്യ വ്യക്തമാക്കി.

For More Details  7034044141/ 7034044242