
കൊച്ചി: ചെറിയ ആശയത്തിന് ലോകത്തെ മാറ്റി മറിക്കാന്‍ കഴിയുമെന്നും മികച്ച ആശയങ്ങളുടെ വിജയത്തിന് കൂട്ടായ്മ ആവശ്യമാണെന്നും എവിഎ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ എ വി അനൂപ്. കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ല്‍ ‘നവീകരണത്തിലൂടെയും കൂട്ടായ്മയിലൂടെയും സുസ്ഥിര സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 55 വര്‍ഷത്തോളമായി എവിഐ ഉത്പാദിപ്പിക്കുന്ന മെഡിമിക്‌സ് സോപ്പ് ഉദാഹരണമായെടുത്താണ് അനൂപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞങ്ങളുടെ പൂര്‍വികരെല്ലാം ആയുര്‍വേദ വിദഗ്ദരായിരുന്നു. 500 രൂപ മുതല്‍മുടക്കില്‍ 1969ല്‍ ചെന്നൈയിലെ റെയില്‍വേ സ്റ്റാഫ് കോട്ടേഴ്‌സിലാണ് സോപ്പ് നിര്‍മാണം ആരംഭിച്ചത്. ചെറിയൊരു ആശയത്തിന് വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു.’
പാലേരി മാണിക്യം- ഒരു പാതിര കൊലപാതകത്തിന്റെ കഥ, സൂക്ഷ്മദര്‍ശിനി എന്നീ സിനിമകളുടെ നിര്‍മാതാവ് കൂടിയായ അനൂപ്, ഈ സിനിമകളെല്ലാം നിര്‍മ്മിച്ചത് മികച്ച പങ്കാളിത്തത്തിലൂടെയാണെന്നും പറഞ്ഞു.
‘മത്സരബോധം മാറ്റിവെച്ച് പങ്കാളിത്തത്തിലൂടെ നേട്ടം കൊയ്യാന്‍ കഴിയണം. കൂടുതല്‍ സ്ത്രീകള്‍ സംഭകരാകാന്‍ മുന്നോട്ടു വരണം.’ ടീം വണ്‍ അഡ്വര്‍ടൈസിങ്ങിന്റെ മാനേജിങ് ഡയറക്ടര്‍ വിനോദിനി സുകുമാര്‍ പറഞ്ഞു.
‘ആരോഗ്യമേഖലയ്ക്കാണ് ഇന്ന് ലോകം മുന്‍ഗണന നല്‍കുന്നത്. ജനങ്ങളില്‍ പലര്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കാത്ത നിലയുണ്ട്. ഈ വിടവ് നികത്താന്‍ പരസ്പര സഹകരണം ആവശ്യമാണ്.’ ആസ്റ്റര്‍ മെഡിസിറ്റി സിഇഒ ഡോക്ടര്‍ നളന്ദ ജയദേവന്‍ വ്യക്തമാക്കി.
സംരംഭകര്‍ക്കു വേണ്ടി അടിസ്ഥാന ഗുണങ്ങള്‍ എന്തൊക്കെയെന്ന് 5സി നെറ്റ്‌വര്‍ക്കിന്റെ സഹസ്ഥാപകനായ കല്യാണ്‍ ശിവശൈലം ചൂണ്ടിക്കാട്ടി. ‘സംരംഭകര്‍ ജിജ്ഞാസയുള്ളവരായിരിക്കണം, ഞാന്‍ ഒരു സംഭവമാണെന്ന് സ്വയം തോന്നരുത്, കഥ പറച്ചിലിലൂടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയണം.’
For More Details 7034044141/ 7034044242