വിദ്യാഭ്യാസ രംഗത്ത് നവോത്ഥാനം വേണം; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനാദരവിന്റെ സംസ്കാരം വളരുന്നു: ടോം ജോസ് ഐഎഎസ്

Kerala_Education_1

കൊച്ചി: ശരാശരി നിലനിർത്തുന്നതിനാണ് കേരളത്തിലെ സർവ്വകലാശാലകൾ മത്സരിക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്. കാലിക്കറ്റ് സർവ്വകലാശാലയുടെ വിസി ആയിരിക്കെ ഡിഗ്രി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ ഒപ്പ് വെയ്ക്കുക മാത്രമായിരുന്നു ജോലി. മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ “വിദ്യാഭ്യാസത്തിൽ നവോത്ഥാനം ആവശ്യമാണ്” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നമ്മുടെ സർവ്വകലാശാലകൾ നൽകുന്ന ഡിഗ്രികൾ തൊഴിൽ നേടുന്നതിന് പര്യാപ്തമല്ല. തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന കോഴ്സുകളാണ് ഇന്ന് വിദ്യാർത്ഥികൾ തേടുന്നത്. തീർത്ഥങ്കർ റോയ്-കെ രവി രാമൻ എന്നിവർ ചേർന്നെഴുതിയ ‘കേരളം: 1956 മുതൽ ഇന്നു വരെ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി കേരളത്തിലെ വിദ്യാഭ്യാസ നയം പരാജയമാണെന്ന് ടോം ജോസഫ് ആരോപിച്ചു. കേരളത്തിലെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് മോശം ശമ്പളമാണ് നൽകുന്നത്. പരാജയം ആരംഭിക്കുന്നത് അവിടെ നിന്നാണ്. നിലക്കടല കൊടുത്താൽ കുരങ്ങുകളെ മാത്രമേ ലഭിക്കൂ- ടോം ജോസഫ് കുറ്റപ്പടുത്തി.

വ്യവസായങ്ങൾക്ക് ആവശ്യമായ കഴിവുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബസും തമ്മിലുള്ള പൊരുത്തക്കേട് അദ്ദേഹം ചൂണ്ടിക്കാട്ടി. കലയിലൂടെയും അന്വേഷണത്തിലൂടെയും യൂറോപ്പിനെ മാറ്റിമറിച്ച നവോത്ഥാനത്തിനു സമാനമായ സാഹചര്യം കേരളത്തിലും ഉണ്ടാകണമെന്ന് ടോം ജോസ് പറഞ്ഞു.

 

മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സ്ഥാപനങ്ങൾ സമൂഹത്തിൽ അജ്ഞത വളർത്തുന്നുണ്ട്. അജ്ഞത തുടച്ചുനീക്കി അന്വേഷണ ത്വരയുള്ള മനസുകളെ വളർത്തിയെടുക്കുകയായിരിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം അറിവ് നേടേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ അനാദരവിന്റെ സംസ്കാരം വളരുന്നതിൽ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. വിദ്യാർത്ഥി നേതാക്കൾ അധ്യാപകരെയും പ്രിൻസിപ്പാളുമാരെയും അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ട്.

 

അത്തരം സംഭവങ്ങൾ സാമാന്യവത്കരിക്കപ്പെടുകയാണ്.ബോധവൽക്കരണത്തിലൂടെയും ഉത്തരവാദിത്തത്തിലൂടെയും മാത്രമേ അമിത രാഷ്ട്രീയവൽക്കരണത്തെ അഭിസംബോധന ചെയ്യാൻ കഴിയൂ- ടോം ജോസ് പറഞ്ഞു.

For More Details  7034044141/ 7034044242