
കൊച്ചി: മലിനീകരണം കുറച്ചുകൊണ്ട് പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കേണ്ടത് അനിവാര്യമാണെന്ന് മുന്‍ നയതന്ത്രജ്ഞനും പ്രണബ് മുഖര്‍ജിയുടെ മുന്‍ പ്രസ് സെക്രട്ടറിയുമായ പ്രഫ. വേണു രാജാമണി. കൊച്ചിയിലെ ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ സുസ്ഥിര ജീവിതരീതി ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയര്‍ അഭിമുഖീകരിച്ച പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രതിവാദിച്ച അദ്ദേഹം വെള്ളത്താല്‍ ചുറ്റി ജീവിക്കുന്നവര്‍ വെള്ളത്തെ അറിയണമെന്നും ചുരുങ്ങിയത് നീന്താന്‍ എങ്കിലും പഠിക്കണമെന്നും പറഞ്ഞു.
കേരളത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടെന്നും മാറ്റങ്ങള്‍ വരുമെന്നും മൂപ്പന്‍സ് എനര്‍ജി സൊലൂഷന്‍സിന്റെ സെന്‍സസ് സോളാര്‍ സിഇഒയും ഡയറക്ടറുമായ മുഹമ്മദ് ഫയസ് സലിം അഭിപ്രായപ്പെട്ടു.”കേരളത്തില്‍ ഭൂരിഭാഗം സാധാരണക്കാരുടെ വീട്ടിലും ഇപ്പോള്‍ എസിയുണ്ട്. ഇരുചക്രവാഹനം ഇല്ലാത്ത വീടുകളും വിരളമാണ്. അതിനാല്‍ തന്നെ കേരളത്തിലെ ഊര്‍ജ്ജ ഉപയോഗം വര്‍ദ്ധിച്ചു.ഇത്തരത്തിലുണ്ടാകുന്ന ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ സോളാര്‍ എനര്‍ജി സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴയ വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വാപസീ കമ്പനിയുടെ സ്ഥാപകയായ രജ്ഞിനി തമ്പിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉപയോഗ ശേഷം വലിച്ചെറിയുന്ന ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ പോലെയുള്ളവ മണ്ണില്‍ ലയിക്കാത്തവയാണ്. ഇതിനുള്ള ശാശ്വത പരിഹാരമെന്ന രീതിയിലാണ് പാഴ് വസ്തുക്കളില്‍ നിന്നും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാമെന്ന ആശയത്തിലേക്ക് എത്തിയതെന്ന് അവര്‍ വ്യക്തമാക്കി.
കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്റെ അപര്യാപ്തതെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആശങ്ക പങ്കുവെച്ചു. 47 ശതമാനം മാലിന്യം മാത്രമാണ് ഹരിത കര്‍മ്മസേന ശേഖരിക്കുന്നുള്ളു എന്നാണ് വേണു രാജാമണി പറഞ്ഞത്. ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ ഡോ. ജി ശങ്കറും സാന്‍സിറ്റി ഫേര്‍മ് സ്ഥാപകനായ ബൈജു ചക്കും കുളങ്ങര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
For More Details 7034044141/ 7034044242