
കൊച്ചി: കേരളം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കാന്‍ കഴിയുമെന്ന് എഴുത്തുകാരനും പരിസ്ഥിതി നിരീക്ഷകനും യുഎന്‍ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘നമുക്ക് പ്രകൃതിയെക്കുറിച്ച് സംസാരിക്കാം’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമാണ്, നാം അതില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. പശ്ചിമഘട്ടം ദുര്‍ബലമായ ഒരു ആവാസവ്യവസ്ഥയാണ്. അത് നിലനിറുത്തിയില്ലെങ്കില്‍ നമ്മള്‍ വലിയ പ്രതിസന്ധിയിലാകും. എന്നിരുന്നാലും, കേരളം മുഴുവന്‍ പരിസ്ഥിതി ലോലമാണ് എന്ന വസ്തുത നാം തള്ളിക്കളയേണ്ടതില്ല. നമ്മുടെ മധ്യപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും നാം ഒരുപോലെ ശ്രദ്ധകേന്ദ്രീകരിക്കണം.’ മുരളി തുമ്മാരുകുടി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, എന്നാല്‍ ഭൂമി നഷ്ടപ്പെടുമോയെന്ന പേടി ജനങ്ങള്‍ക്കുണ്ട്. ഇത് പരിസ്ഥിതി സംരക്ഷണത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
For More Details 7034044141/ 7034044242