കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും: മന്ത്രി പി. പ്രസാദ്

farming

കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില്‍ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050-ല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും 60 ശതമാനം കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി. ആധുനിക കാലത്ത് കൃഷിയിടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ ആവശ്യകത കൂടും. കൃഷിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിന് വേണ്ടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

വിശപ്പിന് മാത്രമാണ് ശാശ്വത പരിഹാരം കണ്ടെത്താനാകാത്തതെന്നും അതിനുള്ള ഏക പരിഹാരം ഭക്ഷമാണെന്നും മന്ത്രി പറഞ്ഞു. ‘നിര്‍മ്മിതബുദ്ധിയുടെ വികാസം അത്ഭുതപ്പെടുത്തുമെങ്കിലും ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണ്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് കണ്ടുപഠിച്ചതാണ് കൃഷി. ജീവന്റെ നിലനില്‍പ്പിന്റെ പ്രധാനഘടകം ഭക്ഷണമാണ്. അതാണ് കൃഷിയാണ് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് ഞാന്‍ വാദിക്കുന്നത്’- മന്ത്രി പറഞ്ഞു.


ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. കൃഷിഭൂമി കോര്‍പ്പറേറ്റ് ഭീമന്മാരുടെ കൈവശമെത്തിയാല്‍ ഈ അവകാശം ലംഘിക്കപ്പെട്ടേക്കാം. വിശപ്പിന് വിലയിടുന്നത് അനുവദിച്ചാല്‍ വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയെ ഭൂമിയെ സ്‌നേഹിക്കുവാന്‍ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് കാണപ്പെടുന്ന ഭൂരിഭാഗം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണമാണ്. ഇവിടെയാണ് രാജ്യം കൃഷിക്ക് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത. നാളെയെ കുറിച്ചുള്ള വലിയ സ്വപ്‌നങ്ങളും കാഴ്ച്ചപ്പാടുകളുമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ചര്‍ച്ചയാകുന്നത്. ആഗോള ശ്രദ്ധനേടുന്ന പരിപാടിയില്‍ കൃഷിയും പ്രകൃതിയും പ്രധാന വിഷയങ്ങളായതിനാല്‍ യുവതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകര്‍ന്നു നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

For More Details  7034044141/ 7034044242