ഒന്നിലധികം തവണ വഞ്ചിക്കപ്പെട്ടു; ആരാധകരാണ് തുണയായത്: അംബിക പിള്ള

ambika-pillai_futureSummit_2025_1

കൊച്ചി: താന്‍ ഒന്നിലധികം തവണ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് ഹെയര്‍ സ്‌റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അംബിക പിള്ള. തന്റെ ഒരു ദശലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സാണ് പ്രതികൂല സാഹചര്യത്തിലും തുണയായതെന്നും അവര്‍ പറഞ്ഞു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘അവള്‍ നയിക്കുന്നു, അവള്‍ പ്രചോദിപ്പിക്കുന്നു’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

‘ഞാന്‍ പരിശീലനം ലഭിച്ച ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റല്ല, പരിശീലനം ലഭിച്ച ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റാണ്. ബോളിവുഡിലെ മിക്കവാറും എല്ലാ മുഖങ്ങളെയും ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. ഈ മോഡലുകളില്‍ പലരും താരപദവിയിലേക്ക് ഉയര്‍ന്നപ്പോള്‍, അവര്‍ അടുത്ത സുഹൃത്തുക്കളായി. സെലിബ്രിറ്റികളാണ് എന്റെ എല്ലാ സലൂണുകളും ഉദ്ഘാടനം ചെയ്തത്.’- അംബിക പിള്ള പറഞ്ഞു.

 

ശക്തരായ സ്ത്രീകള്‍ക്ക് മാത്രമേ ശക്തമായ തലമുറയെ രൂപപ്പെടുത്താന്‍ കഴിയൂ എന്ന് വി സ്റ്റാര്‍ ഫൗണ്ടേഷന്‍ സ്ഥാപക ഷീല കൊച്ചൗസേപ്പ് അഭിപ്രായപ്പെട്ടു. ‘സംരംഭകത്വം ഒരു റോളര്‍കോസ്റ്റര്‍ പോലെയാണ്. ഉയര്‍ച്ച താഴ്ചകള്‍ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. അത് ബിസിനസിന്റെ ഒരു മുഖം മാത്രമാണ്. ഞാന്‍ ഏറ്റവും മികച്ച അടിവസ്ത്രങ്ങള്‍ അവതരിപ്പിച്ചു, സ്ത്രീകള്‍ അത് സ്വീകരിച്ചു. ഇപ്പോള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍, ദേശീയ അന്തര്‍ദേശീയ കമ്പനികളോട് മത്സരിച്ച് പുരുഷന്മാരുടെ ഇന്നര്‍വെയര്‍ വിഭാഗത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി മാറുകയെന്നതാണ് ലക്ഷ്യം.’

 

‘ജനസംഖ്യയുടെ പകുതി സ്ത്രീകളുള്ള ഒരു രാജ്യത്ത്, ഉയര്‍ന്ന കോര്‍പ്പറേറ്റ് സ്ഥാനങ്ങളില്‍ സ്ത്രീ സാന്നിധ്യം വളരെ കുറവാണ്. ഉന്നത വിദ്യാഭ്യാസ നിലവാരം ഉണ്ടായിരുന്നിട്ടും, സ്ത്രീകള്‍ തൊഴില്‍ ശക്തിയുടെ 34% മാത്രമാണ്. ജിഡിപിയില്‍ 18% സ്ത്രീകളാണ് സംഭാവന ചെയ്യുന്നത്. രാഷ്ട്രീയത്തിലും സ്ത്രീകള്‍ക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ല. സ്ത്രീകള്‍ മുന്നോട്ട് പോകണമെങ്കില്‍, അവര്‍ മുന്‍കൈയെടുക്കണം-റിസ്‌ക് എടുക്കാന്‍ തയ്യാറായിരിക്കണം.’ എഴുത്തുകാരിയും സംവിധായികയുമായ ശാലിനി നായര്‍ പറഞ്ഞു.

 

‘വിത്ത് അടങ്ങിയ നടാന്‍ കഴിയുന്ന പേപ്പര്‍ പേന ഞാന്‍ അവതരിപ്പിച്ചു. 2018ലെ വെള്ളപ്പൊക്കത്തില്‍, ചേന്ദമംഗലം വെള്ളത്തിനടിയിലായപ്പോള്‍, അവിടുത്തെ നെയ്ത്തുകാര്‍ക്ക് താങ്ങായി ഞങ്ങള്‍ ചേക്കുട്ടി പാവകളെ അവതരിപ്പിച്ചു. ഇപ്പോള്‍, എന്റെ ശ്രദ്ധ അപ്‌സൈക്ലിംഗിലും റീസൈക്കിളിംഗിലുമാണ്.’ ഡിസൈനറും സാമൂഹിക സംരംഭകയുമായ ലക്ഷ്മി മേനോന്‍ വ്യക്തമാക്കി.

 

‘സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഓരോ ചുവടുവയ്പ്പും പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം, സംരംഭകത്വം എന്നത് പണം സമ്പാദിക്കുക മാത്രമല്ല, ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്തുക എന്നതുകൂടിയാണ്.’ എന്‍ഇസെഡ് ആന്റ് കോ സ്ഥാപക ഡോ നസ്‌റീന്‍ മിഥ്‌ലജ് പറഞ്ഞു.

 

‘തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ടെന്ന് എപ്പോഴും വിശ്വസിച്ചുകൊണ്ട് സംരംഭകര്‍ സ്ഥിരോത്സാഹം കാണിക്കണം. ഡിസൈന്‍ മോഷണം ഞാന്‍ നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പല സൃഷ്ടികളും കോപ്പിയടിക്കപ്പെട്ടു. മൗലികമായ സംഭാവനയിലാണ് ഞാന്‍ വിശ്വസിക്കുന്നത്.’ എംഒഡി സിഗ്‌നേച്ചര്‍ ജ്വല്ലറി സ്ഥാപകയും ചീഫ് ഡിസൈനറുമായ ആശാ സെബാസ്റ്റ്യന്‍ മറ്റത്തില്‍ അഭിപ്രായപ്പെട്ടു.

For More Details  7034044141/ 7034044242