
കൊച്ചി: ആധുനിക കാലത്ത് അതിജീവിക്കണമെങ്കില്‍ സാഹചര്യത്തിനനുസരിച്ച് സ്വയം മാറാന്‍ തയ്യാറാകണമെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്രസോ ഗ്ലോബല്‍ സ്ഥാപകനായ അഫ്താബ് ഷൗക്കത്ത് പിവി ആണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു അതിഥി.
ഭാവിയുടെ സാധ്യത മനസിലാക്കി അതിനൊപ്പം സഞ്ചരിച്ചത് കൊണ്ടാണ് തനിക്ക് ജീവിതവിജയം ഉണ്ടായതെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ”ടിക് ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ട്രെന്‍ഡിങ് ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതിരുന്ന തന്റെ ജീവിതം മാറി മറിഞ്ഞത് ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയതോടെയാണ്. സാമ്പത്തിക ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ടാണ് ബിഗ് ബോസില്‍ പങ്കെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും എന്ന് പഴമക്കാര്‍ പറയാറില്ലേ, അതുപോലെ ഇന്നത്തെക്കാലത്ത് നാണം കെട്ടും റീച്ച് നേടുകില്‍ നാണക്കേടാ റീച്ച് മാറ്റിടും എന്നത് ആപ്തവാക്യമാക്കി മുന്നേറണം”- അഖില്‍ മാരാര്‍ പറയുന്നു.
ജെന്‍ സി ആണ് ഏറ്റവും നല്ല കാലഘട്ടത്തില്‍ ജീവിക്കാന്‍ ഭാഗ്യം ചെയ്ത തലമുറ എന്നാണ് അഖില്‍ മാരാരുടെ അഭിപ്രായം. ”നിങ്ങളുടെ കയ്യില്‍ ഒരു കുഞ്ഞ് ആശയം ഉണ്ടെങ്കില്‍, അത് മികച്ചതെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് എവിടെയും എത്താം. പണ്ട് നമ്മള്‍ ഒരു ബിസിനസ് ചെയ്യുകയാണെങ്കില്‍ അതിന്റെ മാര്‍ക്കറ്റ് നമ്മള്‍ തന്നെ കണ്ടെത്തണം. ഇന്ന് പക്ഷേ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തന്ത്രം അനുസരിച്ച് നമ്മള്‍ ചെയ്യുന്ന കണ്ടന്റിന് (ബിസിനസ്) അനുസരിച്ചുള്ള പ്രേക്ഷകരെ സോഷ്യല്‍ മീഡിയ കണ്ടെത്തിത്തരം”- അഖില്‍ മാരാര്‍ വ്യക്തമാക്കി.
For More Details 7034044141/ 7034044242